Loading ...

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മൺസൂൺ മഴക്കാലത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായിട്ടുള്ള പാരിസ്ഥിതിക ദുരന്തങ്ങൾ സംബന്ധിച്ച് പൊതുവെ ജനങ്ങൾ ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വയനാട്ടിലെ ചൂരൽമലയിൽ സംഭവിച്ച ഏറ്റവും ഭീതിതവും ഭയാനകവുമായ പാരിസ്ഥിതിക ദുരന്തം ഇത്തരം ആശങ്കകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നടക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ പ്രത്യേകിച്ചും ഉരുൾപൊട്ടലുകളുമായി ബന്ധപ്പെട്ട് ക്വാറിയിംഗിനെ അല്ലെങ്കിൽ പാറഖനനവുമായി ബന്ധപ്പെടുത്തുന്നത് സാധാരണമാണ്. എന്നാൽ ക്വാറിയിംഗ് അടക്കമുള്ള ഖനനപ്രവൃത്തികൾ ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾക്ക് എത്രത്തോളം കാരണമായിത്തീരും എന്നത് സംബന്ധിച്ച വ്യക്തവും ആധികാരികവുമായ ശാസ്ത്രീയ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ലാത്തതാണ്; അല്ലെങ്കിൽ അത്തരം പഠനങ്ങൾ നടന്നിട്ടില്ല എന്ന്‌ സാരം. ഇത്തരം പഠനങ്ങളോട് ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുന്ന നിസംഗ മനോഭാവമാണ് അതിനുള്ള പ്രധാന കാരണം.

ഏകദേശം കേരളത്തിന്റെ 48 ശതമാനവും പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 2011-ലെ മാധവ്‌ ഗാഡ്ഗിൽ റിപ്പോർട്ടിന്റെയും (the Western Ghats Ecology Expert Panel Report, 2011) 2013-ലെ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേരളത്തിന്റെ വലിയൊരു ഭാഗവും പരിസ്ഥിതിലോല പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളിലെ ക്വാറിയിംഗ്/ പാറഖനനം സംബന്ധിച്ച് രണ്ട് റിപ്പോർട്ടുകളിലും വ്യക്തമായ പരാമർശങ്ങളുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിൽ, പശ്ചിമഘട്ടത്തിലെ പാരിസ്ഥിതികപരമായി വളരെയധികം സംവേദിത/ ലോല പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിച്ചതിൽ ഒന്നാമത്തെ മേഖലയിൽ (ESZ1) യാതൊരു തരത്തിലുള്ള ക്വാറിയിങ്ങോ ഖനന പ്രവൃത്തികളോ അനുവദിക്കുന്നില്ല. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും മേഖലകളിൽ (ESZ2 & ESZ3) അനുവദിക്കാം എന്ന് പരാമർശിക്കുന്നതു തന്നെ കർശന നിയന്ത്രണങ്ങളോടെയും സാമൂഹിക ഓഡിറ്റോടെയും മാത്രമാണ്.

കൂടാതെ ഒന്നാമത്തെ മേഖലയിൽ (ESZ1) നിലവിലുള്ള ഖനന പ്രവൃത്തികൾ 5 വർഷം കൊണ്ട് അതായത് 2016-ഓടെ നിർത്തലാക്കുകയും ഖനികൾ നിർത്തലാക്കുന്നതിന് പാരിസ്ഥിതികവും സാമൂഹികവുമായ പുനരധിവാസം സംബന്ധിച്ച് വിശദമായ പദ്ധതികൾ തയ്യാറാക്കേണ്ടതുമാണ്. രണ്ടാമത്തെ മേഖലയിലും (ESZ2) ഖനന പ്രവൃത്തികൾക്ക് പുതിയ ലൈസൻസ് നൽകരുതെന്നും, നിലവിലുള്ളവ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാമെങ്കിലും പടിപടിയായി നിർത്തലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിഷ്‌ക്കർഷിക്കുകയും ചെയ്യുന്നു. എന്നാൽ മൂന്നാമത്തെ മേഖലയിൽ (ESZ3) അനുമതി നൽകുന്നത് ദുർലഭമായ ധാതുക്കളുടെ ഖനികൾക്ക് മാത്രമാണ്. അതുതന്നെ കർശന നിയന്ത്രണങ്ങളോടെയും സാമൂഹിക ഓഡിറ്റോടെയും മാത്രമായിരിക്കണമെന്നും നിർദ്ദേശിക്കുന്നു. അതായത് ഗാഡ്ഗിൽ റിപ്പോർട്ട് പ്രസിദ്ധീകിച്ച വർഷം തന്നെ ആയത് നടപ്പിലാക്കിയിരുന്നുവെങ്കിൽ 2016-വർഷത്തോടെ ഒന്നാമത്തെ മേഖലയിൽ പ്രവർത്തിക്കുന്ന ഖനന പ്രവൃത്തികൾ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഇത്രയും പരാമർശിച്ചത് അംഗീകൃത ക്വാറിയിംഗിനെ/ ഖനനത്തെക്കുറിച്ചാണ്. അനധികൃത ഖനന പ്രവൃത്തികൾ അടിയന്തിരമായി നിർത്തിവെപ്പിക്കണമെന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട് ആവശ്യപ്പെടുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (Ecologically Sensitive Area – ESA) ക്വാറിയിംഗിനെ/ പാറഖനനത്തെ സംബന്ധിച്ച് കസ്തൂരി രംഗൻ റിപ്പോർട്ടിലും സമാനമായ നിർദ്ദേശമാണുള്ളത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഖനനം, ക്വാറിയിംഗ്, മണൽ ഖനനം എന്നിവക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്നാണ്‌ പ്രസ്തുത റിപ്പോർട്ട് പരാമർശിക്കുന്നത്. കൂടാതെ നിലവിലുള്ള എല്ലാ ഖനികളും അഞ്ച് വർഷം കൊണ്ടോ അല്ലെങ്കിൽ ഖനന പാട്ടക്കാലാവധി അവസാനിക്കുന്ന മുറക്കോ ഏതാണോ ആദ്യം അതിനനുസരിച്ച് അവസാനിപ്പിക്കേണ്ടതാണ്.

മേൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിസ്ഥതിലോല പ്രദേശങ്ങളായി നിർണ്ണയിക്കപ്പെടുന്ന ഭൂപ്രദേശങ്ങൾക്കു പുറമെയുള്ള ഉയർന്ന പ്രദേശങ്ങൾ, ചെറുകുന്നുകൾ, താഴ്‌വരകൾ എന്നവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ കാരണമായും പൊതുജനങ്ങൾ ആശങ്കാകുലരാണ്. കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി 2022-23 പ്രകാരം, കേരളത്തിലെ പല ജില്ലകളിലെയും പശ്ചിമഘട്ട മേഖലകൾ ഉരുൾപൊട്ടൽ സാധ്യതയേറിയ പ്രദേശങ്ങളാണെന്നും, ഭൂപ്രകൃതിയുടെ പാരിസ്ഥിതിക സ്ഥിരതയെ ബാധിക്കുന്ന തരത്തിലുള്ള പാറഖനനം, ഖനനം, വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാകാം ഉരുൾപൊട്ടലിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെന്നും, കേരളത്തിൽ ഏകദേശം 5,924 പാറമടകൾ (ക്വാറികൾ) പ്രവർത്തിക്കുന്നുണ്ടെന്നും വിലയിരുത്തിയിട്ടുണ്ട്.

കൂടാതെ, പ്രസ്തുത ആസൂത്രണ കർമ്മ പദ്ധതി പ്രകാരം, വനാതിർത്തികളിലെ അശാസ്ത്രീയ ഖനനവും പാറമടകളും നിയന്ത്രിക്കുന്നതിന് താഴെ പരാമർശിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതാണെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഗുരുതരവും അപകടകരവുമെന്ന് കണ്ടെത്തിയിട്ടുള്ള മേഖലകളിലെ പാറമടകൾക്കുള്ള അനുമതി നിയന്ത്രിക്കുക, പാറമടകൾക്ക് അനുമതി നൽകുന്നതിന് മുന്നോടിയായി, സാധ്യമാകുന്നിടത്തോളം സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ട് ആവശ്യകതാ വിലയിരുത്തൽ നടത്തുക, അനധികൃത പാറമടകൾ തടയുന്നതിന് നിയമം കർശനമാക്കുക, പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച ജില്ലാതല വിദഗ്ധ സമിതികളുടെ റിപ്പോർട്ട് നിർബന്ധമാക്കുക മുതലായവ. എന്നാൽ ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിന് ഒരു ഏകീകൃത സംവിധാനമില്ലാത്തതും പാറമടകൾക്ക് അവസാന അനുമതി നൽകുന്ന മൈനിംഗ് & ജിയോളജി വകുപ്പിന് പരിമിതമായ സംവിധാനങ്ങൾ മാത്രമാണുള്ളതെന്നതും ഈ മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

കൂടാതെ, പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച ജില്ലാതല വിദഗ്ധ സമിതി (DEIAA – District Environmental Impact Assessment Authority) യുടെ പ്രവർത്തനം 2018-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിർത്തലാക്കുകയും പകരം അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയെ (State Environmental Impact Assessment Authority – SEIAA) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ തന്നെ പാരിസ്ഥിതിക ആഘാതവുമായി ബന്ധപ്പെട്ട പഠനങ്ങൾ സംബന്ധിച്ച് പ്രാദേശിക വിദഗ്ധരേക്കാൾ സംസ്ഥാന തലത്തിലുള്ള കമ്മിറ്റിയാണ് നിലവിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്ന് സാരം.

കേരള മൈനർ മിനറൽ കൺസെഷൻസ് ചട്ടങ്ങൽ 2015 പ്രകാരം ക്വാറിയിംഗ് പെർമിറ്റിന് അപേക്ഷിക്കുന്നവരെല്ലാം റോയൽറ്റി അടവാക്കേണ്ടതാണെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്. എന്നാൽ പെർമിറ്റിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് നിയമ പ്രകാരം അനുവദനീയമായതിലും അളവിൽ ഖനന വസ്തുക്കൾ ക്വാറിയംഗ് നടത്തിയതിന്റെ പേരിൽ വളരെയധികം ക്വാറി ഉടമകൾക്കാണ് കേരളത്തിലെ മൈനിംഗ് & ജിയോളജി വകുപ്പ് കോടിക്കണക്കിന് രൂപ റോയൽറ്റി (സർക്കാറിലേക്ക് അടവാക്കേണ്ട തുക) ഇനത്തിൽ പിഴയായി അടവാക്കുന്നതിന് കണ്ടെത്തിയിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിലാണ്‌ മലബാറിലെ ഭൂമിയുടെ കൈവശക്കാരന് സ്വന്തം ഭൂമിയിൽ നിന്നും ഖനനം നടത്തുന്നതിന് റോയൽറ്റി ഒഴിവാക്കിത്തരണമെന്ന് അഭ്യാർഥിച്ചുകൊണ്ടുള്ള ത്രേസ്യാമ്മാ ജേക്കബ് മുതൽ പേർ ബഹു. സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള 4540-4548/2000 നമ്പർ സിവിൽ അപ്പീലും, അതുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള നിരീക്ഷണങ്ങളും പ്രസക്തമായിത്തീരുന്നത്. ആയത് പ്രകാരം സ്വന്തം കൈവശഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം കൈവശക്കാരനാണ്.

എല്ലാവിധ നിയമപരമായ അനുമതികളോടെയും പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ പലപ്പോഴും അനിയന്ത്രിതമായി ഖനനം നടത്തുന്നു എന്ന് തെളിയിക്കുന്നതാണ് അവക്കെതിരെ സ്വീകരിച്ചിട്ടുള്ള നിയമനടപടികൾ സൂചിപ്പിക്കുന്നത്. അതായത് പലപ്പോഴും ക്വാറികൾക്ക് സമീപം താമസിക്കുന്നവരും പരിസരവാസികളും ഉന്നയിക്കുന്ന ആശങ്കകൾ ഇത്തരം അനിയന്ത്രിതമായ ക്വാറിയിംഗിനെ സൂചിപ്പിക്കുന്നു. വീടുകൾക്ക് വിള്ളൽ വീഴുന്നത്, ഖനനത്തിന് സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഭൂമിയിൽ കമ്പനം അനുഭവപ്പെടുന്നത് തുടങ്ങിയ ആശങ്കകൾ വേറിട്ടതും ഒറ്റപ്പെട്ടവയാണെങ്കിലും അത്തരം ആശങ്കകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്.

അതിൽ ഒന്നാമത്തേത്, കരിങ്കൽ ക്വാറികളും താമസവീടുകളും തമ്മിൽ പാലിക്കേണ്ടതായ ഏറ്റവും ചുരുങ്ങിയ ദൂരം നിലവിൽ 50 മീറ്റർ ആണ്. പ്രസ്തുത ദൂരപരിധി സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ 2020 ജൂലൈ മാസത്തിൽ പുറപ്പെടുവിച്ച നിബന്ധനകൾ പ്രകാരം ചുരുങ്ങിയത് 200 മീറ്റർ ദൂരമങ്കിലും പാലിക്കേണ്ടതാണ് എന്നാണ്. എന്നാൽ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കേരള സർക്കാർ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും, ബഹു. കോടതി കേരള സർക്കാറിന്റെ വാദം അംഗീകരിക്കുകയുമായിരുന്നു. ആയത് പ്രകാരം നിലവിൽ കേരളത്തിൽ ചുരുങ്ങിയ ദൂരം 50 മീറ്റർ ആണ്.

രണ്ടാമത്തേത്, കരിങ്കൽ ക്വാറികൾ കാരണമാണ് സമീപത്തുള്ള വീടുകൾക്ക് വിള്ളലുകൾ, ഭൂമിയിൽ വിറയൽ അനുഭവപ്പെടൽ എന്നീ ആശങ്കകളുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്വാറികളുമായി ബന്ധപ്പെട്ട് ചില ഒറ്റപ്പെട്ട സാങ്കേതിക പഠനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ക്വാറികളിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വലിയ തോതിലുള്ള തരിപ്പ് (jrking) അനഭവപ്പെടാനള്ള പ്രധാന കാരണം സ്‌ഫോടനത്തിന് വേണ്ടി പഴയ സാങ്കേതിക വിദ്യതന്നെ ഉപയോഗിക്കുന്നു എന്നതാകാം കാരണം. നിലവിൽ ബെഞ്ച് സംവിധാനത്തിൽ നോണൽ സാങ്കേതിക വിദ്യയിലൂടെ ഭൂമിയിലെ ഇത്തരം പ്രകമ്പനങ്ങൾ ഒഴിവാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അമിത ലാഭേച്ഛയും പരിമിതമായ സമയത്തിനുള്ളിൽ പരമാവധി ഖനനം ചെയ്യണം എന്ന ഉദ്ദേശവും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിന് വിമുഖരാക്കുന്നു.

മൂന്നാമത്തേത്, ഈ മേഖലയിലെ അമിതമായ ലാഭേച്ഛയുടെ അടിസ്ഥാനം പ്രധാനമായും നവലിബറൽ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. തങ്ങളുടെ കൈയ്യിലുള്ള ഉത്പന്നത്തിന്റെ ചോദനത്തിനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള (Market forces) ശ്രമത്തിന്റെ ഭാഗമാണ് അമിതമായ ഉത്പാദനത്തിലേക്ക് നയിക്കുന്നത്. അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് ആരായിരിക്കണം എന്നത് സംബന്ധിച്ച് നവലിബറൽ സാമ്പത്തിക സിദ്ധാന്തം പരാമർശിക്കുന്നില്ല. എന്നാൽ അതുമായി ബന്ധപ്പെടുത്തിക്കൊണ്ട് എപ്പോഴും ഉയർന്നു കേൾക്കുന്ന വാദം വികസനം, നിർമ്മാണ പ്രവർത്തികൾ എന്നിവയ്ക്ക് ഈ മേഖല അതിനിർണ്ണായകമാണ് എന്നാണ്. ആ വാദത്തിൽതന്നെ പുതിയ ബദൽ ചിന്തകൾ ഉടലെടുക്കേണ്ടതിന്റെ ആവശ്യകത ഉൾച്ചേർന്നിരിക്കുന്നു.

കേരളത്തിൽ ഓരോ വർഷവും കൂടിക്കൂടി വരുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പാറ ഖനനം സംബന്ധിച്ചുള്ള സാധാരണക്കാരായ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയവും സാങ്കേതികവുമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നതും ഈ മേഖലയിലെ ആശങ്കകൾ കൂടുതൽ വർദ്ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ.